ഇരട്ടയാർ: ഇരട്ടയാർ പഞ്ചായത്തിലെ ഹരിത കർമസേന ആക്രിക്കച്ചവടവും തുടങ്ങി. തൊഴിൽ സംരംഭമെന്ന നിലയിൽ പഞ്ചായത്തിന്റെ മേൽവിലാസത്തിൽ ആക്രിവ്യാപാര സംരംഭം തുടങ്ങാൻ ഹരിത കർമസേനയ്ക്ക് പഞ്ചായത്ത് ഭരണസമിതി അനുമതി നൽകി. ഇതനുസരിച്ച് കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റർ ചെയ്ത് തൊഴിൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പാഴ് വസ്തുക്കൾ ഏറ്റെടുത്താണ് സംരഭത്തിനു തുടക്കംകുറിച്ചത്.
ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച തരം തിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ് വസ്തുക്കളാണ് ആദ്യപടിയായി ഏറ്റെടുത്തത്.
ഇവ ഇരട്ടയാർ പഞ്ചായത്തിന്റെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ കൊണ്ടുവന്ന് തരം തിരിച്ച് റീസൈക്ലിംഗിന് കൈമാറും. മെച്ചപ്പെട്ട വില നൽകിയാണ് ഹരിതകർമ സേനാ യൂണിറ്റ് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും ഏറ്റെടുക്കുന്നതെന്ന് യൂണിറ്റ് ഭാരവാഹികളായ പി.ടി. നിഷമോൾ, ലിജിയമോൾ ജോസഫ് എന്നിവർ പറഞ്ഞു.
ഗുളികയുടെ സ്ട്രിപ്പുകളും മൾട്ടി ലെയർ പ്ലാസ്റ്റിക്കുമെല്ലാം ഏറ്റെടുക്കുന്നുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ പാടുപെടുന്ന ഹരിതകർമ സേനാംഗങ്ങൾക്ക് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനാണ് തൊഴിൽ യൂണിറ്റ് കൂടി ആരംഭിച്ചതെന്ന് പ്രസിഡന്റ് ജിൻസണ് വർക്കി പറഞ്ഞു.
പഞ്ചായത്തിലെ എല്ലാ ഹരിതകർമ സേനാംഗങ്ങൾക്കും പാഴ് വസ്തുക്കൾ തരം തിരിക്കുന്നതിൽ ഹരിതകേരളം മിഷൻ പരിശീലനം നൽകിയിരുന്നു.
ഇരട്ടയാറിലെ ഹരിത കർമസേന ഇനി ആക്രിയും ശേഖരിക്കും
11:13 PM Dec 03, 2022 | Deepika.com