മുതലക്കോടം: മാർഗം കളിയിൽ മുതലക്കോടം സേക്രഡ് ഹാർട്ടിന്റെയും കൂന്പൻപാറ ഫാത്തിമ മാതയുടെയും ആധിപത്യം. എച്ച്എസ് വിഭാഗം മാർഗം കളിയിലാണ് മുതലക്കോടം എസ്എച്ച് ഗേൾസ് സ്കൂൾ ജേതാക്കളായത്. തങ്ങളുടെ സ്വന്തം തട്ടകത്തിൽ അരങ്ങേറിയ മത്സരത്തിൽ തോമാശ്ലീഹയുടെ ഭാരതപര്യടനം ചുവടു പിഴയ്ക്കാതെ കാഴ്ചവച്ചാണ് സേക്രഡ് ഹാർട്ടിന്റെ മിടുക്കികൾ നേട്ടം കൈപ്പിടിയിലാക്കിയത്. മോഹനൻ മാഷിന്റെ ശിക്ഷണത്തിൽ നാലു മാസത്തെ പരിശീലനത്തിനൊടുവിലാണ് ടീം ഒന്നാം സ്ഥാനം നേടിയത്. അഞ്ജലീന ബാബു, സുബഹാന മുജീബ്, അഭിനന്ദന , സേതുലക്ഷ്മി, നയന മനോജ്, ഹരിനന്ദ സന്തോഷ്, അൽഫിയ ഷാജി എന്നിവരാണ് വേദിയിലെത്തിയത്.
പരിശീലകരില്ലാതെ തനിയെ പഠിച്ചാണ് എച്ച്എസ്എസ് വിഭാഗത്തിൽ കൂന്പൻപാറ ഫാത്തിമമാത ഗേൾസ് ഹൈസ്രകൂളിലെ കുട്ടികൾ വിജയം നേടിയത്. സംഘത്തിലെ അലീഷ ഷൈജുവും ക്രിസ്റ്റീന സാജുവും ഹെന്ന ആന്റണിയും മുന്പു കലോത്സവത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ പരിചയസന്പത്തിന്റെ പിൻബലത്തിലാണ് ടീം പോരാട്ടത്തിനിറങ്ങിയത്.
മാർഗം കളിയിൽ ഇവരോടു കളിക്കരുത്!
11:13 PM Dec 03, 2022 | Deepika.com