നെടുമങ്ങാട്: ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു. വെള്ളനാട് കുതിരകുളം കൂവക്കോട് മഹേഷ് ഭവനിൽ ടി.ആർ.രാജേന്ദ്രൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് അപകടം.
കുതിരക്കുളത്ത് പോപ്സൺ കമ്പനി വക കൃഷിയിടത്തിൽ കൃഷിപ്പണി ചെയ്യുകയായിരുന്നു രാജേന്ദ്രൻ. ഇയാളോടൊപ്പം പണിയിൽ ഏർപ്പെട്ടിരുന്ന മറ്റ് രണ്ടു പേർക്ക് യാതൊരു കുഴപ്പവും ഇല്ല. കൃഷിയിടത്തിൽ കുഴഞ്ഞ് വീണ രാജേന്ദ്രനെ ഉടൻ തന്നെ വെള്ളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, മഹേഷ്.
ഇടിമിന്നലിനെ തുടർന്ന് കുഴഞ്ഞു വീണ ആൾ മരിച്ചു
02:30 AM Dec 03, 2022 | Deepika.com