പാലക്കാട്: നവസംരംഭകർക്ക് ആകർഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്.
സംരംഭങ്ങൾ തുടങ്ങാൻ നിങ്ങളുടെ മനസിൽ നൂതനാശയങ്ങളുണ്ടെങ്കിൽ ഡ്രീംവെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം.
ഓരോ ആശയങ്ങളും നിങ്ങളുടേയും നാടിന്റെയും ഭാവി തന്നെ മാറ്റിമറിക്കുമെന്നും അത്തരത്തിൽ ഒന്നാണ് ഡ്രീംവെസ്റ്റർ മത്സരമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്ല്യം ജോണ് പറഞ്ഞു.
ആകെ 20 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മത്സരത്തിൽ നൽകുന്നത്. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം മൂന്ന് ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം, നാല് മുതൽ 10 വരെയുള്ള സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 25 വരെയുള്ള സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും.
18 മുതൽ 35 വയസ് വരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് ഒരു ആശയം സമർപ്പിക്കാം. ഡ്രീംവെസ്റ്റർ നൂതനാശയ മത്സരത്തിൽ അവതരിപ്പിക്കുന്ന ആശയങ്ങൾ ആകർഷകമാണെങ്കിൽ അവ സ്വപ്നങ്ങളായി അവസാനിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം (ഓഫീസ് സ്പേസ്, ഫ്രീ വൈഫൈ, ഐഡിയ ഉത്പന്നമാക്കി മാറ്റാനുള്ള സപ്പോർട്ട്) സൗകര്യമൊരുക്കും.
സംരംഭകൻ ഇൻവെസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ സ്വന്തമായി ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ ഏജൻസികളായ കെഎസ്ഐഡിസി, കെഎഫ്സി, കെഎസ്എഫ്ഇ മുഖേന ഫണ്ട് ലഭിക്കാൻ വേണ്ട സപ്പോർട്ട് നൽകും.
നൂതന ആശയങ്ങൾ ഡിസംബർ 23 വരെ സമർപ്പിക്കാമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
നൂതന ആശയമുണ്ടോ..? ഡ്രീം വെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം
01:01 AM Dec 03, 2022 | Deepika.com