സ്വരലയ-കലാമണ്ഡലം രാമൻകുട്ടിനായർ പുരസ്കാരം കലാമണ്ഡലം സരസ്വതിക്ക്
01:01 AM Dec 03, 2022 | Deepika.com
പാലക്കാട്: സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്കാരത്തിനു കലാമണ്ഡലം സരസ്വതിയെ തെരഞ്ഞെടുത്തു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നൃത്തരൂപങ്ങളുടെ അവതരണത്തിൽ പ്രകടിപ്പിച്ച പ്രാവീണ്യവും നൃത്താചാര്യ എന്ന നിലയിൽ അന്പതു വർഷത്തോളമായി അരങ്ങിലും കളരിയിലും തെളിയിച്ച വൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അവാർഡ് നല്കിയതെന്ന് നിർണയസമിതി അറിയിച്ചു. പദ്മശ്രീ കലാമണ്ഡലം ശിവൻ നന്പൂതിരി, എൻ.രാധാകൃഷ്ണൻ നായർ, കരിവെള്ളൂർ മുരളി , അപ്പുകുട്ടൻ സ്വരലയം, എൻ.എൻ.കൃഷ്ണദാസ്, ടി.ആർ.അജയൻ എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് അവാർഡ് നിർണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും പുരസ്കാരഫലകവും അടങ്ങിയതാണ് പുരസ്കാരം. കേരള സംഗീത നാടക അക്കാദമി അവാർഡ്, നൃത്തനാട്യ പുരസ്കാരം , കലാമണ്ഡലം പുരസ്കാരം, റോട്ടറി പ്രൊഫഷണൽ എക്സലൻസ് അവാർഡ്, കലാദർപ്പണം നാട്യശ്രീ പുരസ്കാരം എന്നിവക്ക് നേരത്തെ കലാമണ്ഡലം സരസ്വതി അർഹയായിട്ടുണ്ട്. സ്വരലയ നൃത്ത സംഗീതോത്സവ വേദിയിൽ 29ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്കാരം സമർപ്പിക്കും.