കോതമംഗലം: എംഎ എൻജിനീയറിംഗ് കോളജിൽ നടന്നുവന്ന വജ്രമേസ് ശാസ്ത്ര സാങ്കേതിക പ്രദർശനം സൃഷ്ടിച്ചിരിക്കുന്നത് വിസ്മയങ്ങളുടെ ലോകം. ഇലക്ട്രിക്കൽ വിഭാഗം ഒരുക്കിയിട്ടുള്ള വിവിധ പ്രോജക്ടുകളിൽ അറിവും ആകാംക്ഷയും വിസ്മയ നിമിഷങ്ങളും സമ്മാനിക്കുന്ന നിരവധി ഉപകരണങ്ങളും യന്ത്രസാമഗ്രികളുമാണുള്ളത്. വായുവും ട്രാൻസഫോർമറുകളിലെ ഓയിലും നാനോ മെറ്റീരിയൽസും ഉൾപ്പെടെ പരിശോധിക്കുന്ന ഹൈ വോൾട്ടേജ് ടെസ്റ്റിങ്ങ് ലാബ് ഏറെ ശ്രദ്ധയാകർഷിക്കുന്നു. 140 കെവി എസി വൈദ്യുതി വരെ ഇവിടെ പരിശോധിക്കാൻ സൗകര്യമുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഹൈഡ്രോ ഇലക്ട്രിക് പവർ പ്രോജക്ട് മാതൃകയും ശ്രദ്ധേയമാണ്. വയർലെസ് എനർജിയിൽ ലൈറ്റ് പ്രകാശിക്കുന്ന ടെസ്ല കോയിൽ പ്രവർത്തനം ഒരേസമയം വിജ്ഞാനവും വിനോദവും പകരും. കൂടാതെ സോളാർ, വിൻഡ്മിൽ തുടങ്ങിയ വർക്കിംഗ് മോഡലുകൾ, ജാതിക്ക തോട് പൊളിച്ച് നല്ലതും ചീത്തയുമായ കായ് വേർതിരിക്കുന്ന നട്മെഗ് സോർട്ടർ ഉപകരണ ജേക്കബ്സ് ലാഡർ, ഇൻവെർട്ടർ വേണ്ടാത്ത സോളാർ എസി ജനറേറ്റർ, ഡ്യുവൽ ആക്സിസ് സോളാർ ട്രാക്കർ, ഇലക്ട്രിക് കാർ ബൈക്ക് എന്നിവയുടെ വർക്കിംഗ് മോഡലുകളും അത്ഭുതമൂറുന്ന കാഴ്ചകളാണ്. ഒരാളുടെ മനസ് വായിക്കുന്ന മൈൻഡ് റീഡിംഗ്, അവരവരുടെ തന്നെ അസ്ഥികൂടം കാണുന്ന മാജിക്കൽ മിറർ തുടങ്ങി വിനോദത്തിലൂടെ അറിവു പകരുന്ന നിരവധി പ്രോജക്ടുകൾക്കൊപ്പം സ്കൂൾ വിദ്യാർഥികൾക്ക് മാജിക്കിലൂടെ ലഹരിക്കെതിരെ ബോധവത്കരണം നടത്തുന്ന പവലിയനും ആകർഷിക്കുന്നതാണ്. പ്രദർശനം ഇന്ന് സമാപിക്കും.
വിസ്മയലോകം തുറന്നിട്ട് ‘വജ്രമേസ് '
12:49 AM Dec 03, 2022 | Deepika.com