തൃപ്പൂണിത്തുറ: തകർന്ന് തരിപ്പണമായി എരൂർ പിഷാരി കോവിൽ റോഡ്. തൃപ്പൂണിത്തുറ, എരൂർ ഭാഗങ്ങളിൽ നിന്നും വൈറ്റില മൊബിലിറ്റി ഹബിനോടു ചേർന്ന കണിയാമ്പുഴ റോഡിലേയ്ക്കെത്താൻ യാത്രക്കാർ ഏറിയ പങ്കും ആശ്രയിക്കുന്ന തിരക്കേറിയ റോഡാണ്, എരൂർ ഷാരിപ്പടിയിൽ നിന്നുമാരംഭിച്ച്
പിഷാരിക്കോവിൽ വഴി കണിയാമ്പുഴയിലേയ്ക്കുള്ള റോഡ്. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തെ ഏറ്റവും മോശപ്പെട്ട റോഡുകളിലൊന്നായിരിക്കുകയാണ് ഈ റോഡ്. റോഡിന്റെ പല ഭാഗങ്ങളും ഭാഗികമായും പൂർണമായും പൊട്ടിത്തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് നാളുകളേറെയായി.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡും പിഷാരികോവിൽ മുതൽ കണിയാമ്പുഴ റോഡ് വരെയുള്ള ഈ റോഡിന്റെ സ്വതവേയുള്ള വീതി കുറവും കൂടിയാകുന്നതോടെ ഈ റോഡ് യാത്രക്കാർക്ക് സമ്മാനിക്കുന്നത് ദുരിതയാത്രയാണ്. അത്യാവശ്യം വലിപ്പമുള്ള രണ്ട് വാഹനങ്ങൾ നേർക്കുനേർ വന്നാൽത്തന്നെ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. അതിനൊപ്പം തകർന്ന റോഡും കൂടിയാകുമ്പോൾ ഇതിലൂടെയുള്ള യാത്രാക്ലേശം ഇരട്ടിയാകുകയാണ്. വാർഡിനെ പ്രതിനിധീകരിക്കുന്നവരോട് റോഡിന്റെ ശോച്യാവസ്ഥയെപ്പറ്റി പറഞ്ഞാൽ ഉടൻ നന്നാക്കുമെന്ന അറിയിപ്പല്ലാതെ ഈ റോഡിൽ ഇതുവരെ ഒരു കുഴിയടക്കൽ പോലും നടന്നിട്ടില്ലായെന്നതാണ് വസ്തുത.
യാത്രികർക്കു ദുരിതം സമ്മാനിച്ച് എരൂർ-പിഷാരികോവിൽ റോഡ്
12:49 AM Dec 03, 2022 | Deepika.com