ചങ്ങനാശേരി: ചങ്ങനാശേരി വനിതാ ഐടിഐക്ക് സ്ഥലം നല്‍കാനുള്ള നഗരസഭാ നടപടി നീളുന്നു. ഐടിഐയുടെ പ്രവര്‍ത്തനം ഞെരുക്കത്തില്‍.
2013ലാണ് ചങ്ങനാശേരി നഗരസഭയുടെ കീഴില്‍ വനിതാ ഐടിഐ പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടുവര്‍ഷത്തെ ഡിസിവിൽ ട്രേഡിലും ഒരുവര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ട്രേഡിലുമായി 96 സീറ്റുകളാണ് ഈ സെന്ററിലുള്ളത്.
പെരുന്ന ഗവണ്മെന്റ് എല്‍പി സ്കൂളിലാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഈ ഐടിഐ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ വളരെ ചുരുങ്ങിയ സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമാണിവിടെയുള്ളത്. സെന്റര്‍ അനുവദിച്ച് നാളുകള്‍ പിന്നിട്ടിട്ടും പ്രവര്‍ത്തനത്തിനു സ്ഥലം ലഭിച്ചിരുന്നില്ല. അന്നത്തെ എംഎല്‍എയായിരുന്ന സി.എഫ്. തോമസും നഗരസഭാധികൃതരും ചേര്‍ന്നാണ് സെന്റര്‍ പെരുന്ന ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ആരംഭിക്കാൻ തീരുമാനിച്ചത്.
ഈ ഐടിഐക്ക് കെട്ടിടം നിര്‍മിക്കുന്നതിനായി നഗരസഭ ഫാത്തിമാപുരം ഡന്പിംഗ് സ്റ്റേഷനു സമീപം സ്ഥലം നല്കാന് തീരുമാനിച്ചിരുന്നു. ഡമ്പിംഗ് യാര്‍ഡിനു സമീപം ഐടിഐ പ്രവര്‍ത്തിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കിയില്ല. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
പോത്തോട് ഭാഗത്ത് ഐടിഐക്കായി സ്ഥലം നല്‍കാമെന്ന് നഗരസഭാധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും തീരുമാനമായിട്ടില്ല. നഗരസഭ സ്ഥലം അനുവദിച്ചാല്‍ കെട്ടിടത്തിനുള്ള പണം സര്‍ക്കാരില്‍നിന്നും ലഭ്യമാകും.
നിബന്ധനപ്രകാരമുള്ള ലാബും ക്ലാസ് മുറിയുമില്ല;
കമ്പ്യൂട്ടര്‍ ട്രേഡിന് അംഗീകാരം നീളുന്നു
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റി നിബന്ധനപ്രകാരമുള്ള ലാബും ക്ലാസ് മുറിയുമില്ലാത്തതിനാല് ചങ്ങനാശേരി വനിതാ ഐടിഐയിലെ കമ്പ്യൂട്ടര്‍ കോഴ്സിന് അംഗീകാരം ലഭിച്ചില്ല. 2020ലാണ് ഈ സെന്ററില്‍ ഈ കോഴ്സ് അനുവദിച്ചത്. ഈ വനിതാ ഐടിഐയ്ക്ക് 107സെന്റ് സ്ഥലം വേണമെന്നാണ് നിബന്ധന. കമ്പ്യൂട്ടര്‍ കോഴ്സിന് എഴുപത് മീറ്റര്‍ സ്ക്വയറിലുള്ള ലാബും 35 മീറ്റര്‍ സ്ക്വയറിലുള്ള ക്ലാസ് മുറിയും വേണമെന്നും നിബന്ധനയുണ്ട്.
കമ്പ്യൂട്ടര്‍ കോഴ്സിന്റെ ക്ലാസ് മുറി പ്രവര്‍ത്തിക്കുന്നത് പഴയ അങ്കണവാടി കെട്ടിടത്തിലാണ്. നിബന്ധനകള്‍പ്രകാരമുള്ള സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ കോഴ്സിനുള്ള എന്‍സിവിടിയുടെ അംഗീകാരം വൈകുന്നത്.
അഫിലിയേഷന് വൈകുന്നതിനാല്‍ ഈ ട്രേഡില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. പകരം കേരള സര്‍ക്കാരിന്റെ എസ്സിവിടി സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്.
ചങ്ങനാശേരി വനിതാ ഐടിഐക്ക് സ്വന്തം സ്ഥലമായില്ല
12:27 AM Dec 03, 2022 | Deepika.com