വെള്ളൂര്‍: വെള്ളൂര്‍ പഞ്ചായത്തിലെ തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്കരണ യൂണിറ്റ് സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നുള്ള 6.18 ലക്ഷം രൂപ ചെലവഴിച്ച് വെള്ളൂര്‍ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്ഥാപിച്ച മാലിന്യ സംസ്കരണ യൂണിറ്റില്‍ ആറ് ചേംബറുകളാണുള്ളത്. വെള്ളൂര്‍ ടൗണിലെ കടകളില്‍നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റുകയാണ് ലക്ഷ്യം.
മാലിന്യങ്ങള്‍ സംഭരിക്കുന്നതിനായി രണ്ട് വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. കടകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മാലിന്യസംസ്കരണ യൂണിറ്റില്‍ നിക്ഷേപിച്ച് ജൈവ വളമാക്കി കര്‍ഷകര്‍ക്ക് നല്‍കും. ഏകദേശം 500 കിലോയിലധികം മാലിന്യം ഈ യൂണിറ്റില്‍ സംഭരിക്കാനാകും.
പഞ്ചായത്ത് പ്രസിഡന്റ് നികിതകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയ അനില്‍, സ്ഥിരംസമിതി അംഗങ്ങളായ ഷിനി സജു, മഹിളാമണി, ശ്യാം കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
ജൈവമാലിന്യ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
12:24 AM Dec 03, 2022 | Deepika.com