മുതലക്കോടം: പവൻ ആളു ചില്ലറക്കാരനല്ല. ചെറുപ്രായത്തിൽത്തന്നെ ഈ മിടുക്കൻ അഭിനയിച്ചത് ഒരു സീരിയലിലും മൂന്നു സിനിമകളിലും. അഭിനയത്തിൽനിന്നു ലഭിച്ച ആത്മവിശ്വാസവുമായി കലോത്സവത്തിൽ മാറ്റുരയ്ക്കാനിറങ്ങിയ പവൻ റോയ് ഹൈസ്കൂൾ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ടിൽ നേടിയത് പത്തരമാറ്റിന്റെ തിളക്കം. ഒൻപതാം ക്ലാസുകാരനായ പവൻ കുഴിത്തൊളു ദീപ ഹൈസ്കൂൾ വിദ്യാർഥിയാണ്.
കെ-റെയിൽ, സോളാർ, സ്വർണക്കടത്ത് തുടങ്ങിയ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളാണ് അവതരിപ്പിച്ചത്. എൽപി ക്ലാസിൽ പഠിക്കുന്പോഴാണ് ഇതിനു മുന്‍പു കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്.
പിന്നീട് സീരിയൽ, സിനിമ എന്നിവയുടെ തിരക്കായി. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത പ്രിയപ്പെട്ടവൾ എന്ന സീരിയലിലും ടി.വി.ചന്ദ്രന്റെ പെങ്ങളില, ഫാ. റോയ് കാരക്കാട്ട് സംവിധാനം ചെയ്ത കാറ്റിനരികെ എന്നീ സിനിമകളിലും മികച്ച അഭിനയം കാഴ്ചവച്ച ഈ മിടുക്കൻ മമ്മാസിന്റെ റിലീസിനൊരുങ്ങുന്ന ഇമ്രാൻ എന്ന ഹൊറർ സിനിമയിൽ ടൈറ്റിൽ റോളിലും എത്തുന്നുണ്ട്. കലാഭവൻ നൗഷാദാണ് പരിശീലകൻ. കുഴിത്തൊളു കുന്പളോലിക്കൽ റോയ് ജോസഫിന്റെയും ലിൻസിയുടെയും മകനാണ്.
മോണോ ആക്ട് വേദിയിൽ പവൻ തിളക്കം
11:08 PM Dec 02, 2022 | Deepika.com