മുതലക്കോടം: കൈയൊടിഞ്ഞ വേദന കടിച്ചമർത്തിയാണ് ആൽവിൻ നാടോടി നൃത്തവേദിയിൽ നിറഞ്ഞാടിയത്. മൂലമറ്റം ഗവ. വിഎച്ച്എസ്എസ് ഒന്നാം വർഷ വിദ്യാർഥി ആൽവിൻ എം. വിനോജ് കൈക്കേറ്റ പരിക്ക് വകവയ്ക്കാതെയാണ് ബാൻഡേജ് ചുറ്റി മത്സരിച്ചത്. ഹൈജംപ് താരം കൂടിയായ ആൽവിന് കഴിഞ്ഞ 22ന് നടന്ന റവന്യൂ ജില്ല കായിക മേളയിൽ പങ്കെടുക്കുന്നതിനു തലേന്നു പരിശീലനം നടത്തുന്നതിനിടെയാണ് പരിക്കേറ്റത്. ചാടിയപ്പോൾ ഹൈജംപ് ബെഡിൽനിന്നു വീണു പരിക്കേൽക്കുകയായിരുന്നു.
വലതു കൈയിൽ രണ്ട് പൊട്ടലുണ്ടായതിനെത്തുടർന്ന് പ്ലാസ്റ്ററിട്ടു. പരിക്കായതിനാൽ കലോത്സവത്തിൽനിന്നു പിൻമാറാൻ പലരും ഉപദേശിച്ചെങ്കിലും പങ്കെടുക്കാനുള്ള ആഗ്രഹത്തിൽ കടുത്ത വേദന സഹിച്ചു പരിശീലനം നടത്തി വേദിയിലെത്തുകയായിരുന്നു. പെരുന്തച്ചന്റെ കഥ അവതരിപ്പിച്ചു സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടി. കുടയത്തൂർ മൈലാടൂർ വിനോജിന്റെയും ആശയുടെയും മകനാണ്.
വേദന മറന്നു: ആൽവിൻ നിറഞ്ഞാടി
11:08 PM Dec 02, 2022 | Deepika.com