ഭിന്നശേഷി ദിനാചരണം
12:29 AM Dec 02, 2022 | Deepika.com
കണ്ണൂർ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നാലിന് തണലിന്റെ നേതൃത്വത്തിൽ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. രാവിലെ മുതൽ ’തണൽ എക്സ്പോ’ എന്ന പേരിൽ വിവിധങ്ങളായ ഇനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രദർശനം ഒരുക്കിയിട്ടുണ്ട്. ടെക്സ്റ്റൈൽ, ജ്വല്ലറി, കോസ്മെറ്റിക്സ്, കരകൗശല ഉത്പന്നങ്ങൾ, വിവിധതരം ഭക്ഷണപദാർഥങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകൾ എന്നിവയും ഉണ്ടാകും. ഭിന്നശേഷിക്കാരായ വിദ്യാർഥികളും രക്ഷിതാക്കളും അവതരിപ്പിക്കുന്ന ’ഓടാമ്പൽ’ എന്ന നാടകവും അരങ്ങേറും. മൈലാഞ്ചിയിടൽ മത്സരം, പാചക മത്സരം, കാലിഗ്രാഫി പരിശീലനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകപ്രശസ്ത സൂഫി സംഗീത പ്രതിഭ സമീർ ബിൻസി നയിക്കുന്ന സംഗീത വിരുന്നും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും. രാവിലെ 11 മുതൽ രാത്രി ഒന്പതുവരെ കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ നടക്കുന്ന പ്രദർശനത്തിലേക്കും കലാപരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9633309333, 8891105210. തണലോരം ജനറൽ കൺവീനർ വി. യൂനുസ്, എ.കെ. സവാഹിർ, തണൽവീട് ജനറൽ സെക്രട്ടറി എ.പി.എം. അലിപ്പി, വൈസ് പ്രസിഡന്റ് എൻ. രാമചന്ദ്രൻ, കെ.ടി അബ്ദുൽ സത്താർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.