ഒറ്റപ്പാലം: ""ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ...''ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്കൃത നാടക മത്സരത്തിലാണ് ഈ പ്രയോഗം അന്വാർഥമായത്.
പാലക്കാട് കാണിക്ക മാത ഇംഗ്ലീഷ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയത് ഇത്തരത്തിലാണ്.
മികച്ച നടനും നടിയും ഈ നാടകത്തിൽ വേഷമിട്ടവർ നേടിയതോടെ മത്സര ഫലത്തിന്റെ മാധുര്യം ഇരട്ടിച്ചു. എൻഎസ്എസ് കെപിടി ഹൈസ്കൂളിലുള്ള ഹംസധ്വനിയിലാണ് സംസ്കൃത നാടകം അരങ്ങേറിയത്.
എന്നാൽ ഈ നാടകത്തിലെ ഒരു നടിക്ക് ഹൈസ്കൂൾ വിഭാഗം മോഹനിയാട്ടത്തിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ മൂക്കാൽ മണിക്കൂർ നാടകം വൈകിയാണ് തട്ടിൽ കയറിയത്. പ്രോഗ്രാം കമ്മറ്റിയും വിധികർത്താക്കളും ഇവർക്ക് സമയം നീട്ടി നൽകുകയായിരുന്നു.
തുടർന്ന് നാടകത്തിൽ വേഷമിടുന്ന എ. സ്നേഹദാസ് മോഹനിയാട്ടത്തിന്റെ മത്സരശേഷം ചമയങ്ങളഴിച്ചുവച്ചാണ് നാടകത്തിന്റെ വേഷമണിഞ്ഞ് തട്ടിൽ കയറിയത്.
അഭിഷേകമെന്ന നാടകമാണ് പത്തംഗ സംഘം അവതരിപ്പിച്ചത്. കളികഴിഞ്ഞ് ഫലം വന്നപ്പോൾ ഒന്നാം സമ്മാനവും എ.ഗ്രേഡും മികച്ച നടനും നടിക്കുള്ള പുരസ്കാരവും ഇവർ നേടി. കെ.എം. അനുഷയാണ് പുരുഷ കഥാപാത്രം ചെയ്തു മികച്ച നടനായത്.
എംകെ. സുരേഷ് ബാബവും സായൂജ് ശ്രീമംഗലവുമാണ് ഇവരേ നാടകം പരിശീലിപ്പിച്ചത്.
ലേറ്റായി വന്നിട്ടും "ലേറ്റസ്റ്റാ'യി കാണിക്കമാതാ സ്കൂൾ
12:24 AM Dec 02, 2022 | Deepika.com