പറവൂർ: ഭരതനാട്യ മത്സരത്തിനിടെ കാലിന് പരിക്ക്, അവസാനിപ്പിച്ചില്ല ഉളുക്ക് പറ്റിയ കാലുമായി മത്സരം പൂർത്തിയാക്കി ബി ഗ്രേഡ് നേടി. ഉച്ചകഴിഞ്ഞ് പരിക്കേറ്റ കാലുമായി കുച്ചുപ്പുടി വേദിയിലേക്ക്, വേദന പിടിച്ചടക്കി വേദിയിൽ നിറഞ്ഞാടി, ഒന്നാംസ്ഥാനവും ബി ഗ്രേഡും. തൊട്ടടുത്ത ദിനം നാടോടിനൃത്തത്തിനെത്തി എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പള്ളുരുത്തി എസ്ഡിപിവൈ എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ പ്രലോഭ് പ്രമോദാണ് ഈ ത്രസിപ്പിക്കുന്ന വിജയം നേടിയത്. തുടർച്ചയായി അഞ്ച് വർഷം സിബിഎസ്ഇ സ്കൂൾ കലോത്സവങ്ങളിൽ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം പ്രലോഭിനായിരുന്നു.
ഈ മെഡൽ കൊയ്ത്തിനു ശേഷമാണ് ജില്ലാ സ്കൂൾ കലോത്സവത്തിലും മെഡൽ വേട്ട പ്രലോഭ് ആവർത്തിക്കുന്നത്. ആർഎൽവി അനുഷ ജയരാജിന്റെ കീഴിലാണ് പ്രലോഭിന്റെ നൃത്ത പഠനം. കുച്ചുപ്പുടിയിൽ ബി ഗ്രേഡ് ലഭിച്ചതിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് ഈ മത്സരാർഥി. എന്തുകൊണ്ട് ബി ഗ്രേഡ് ലഭിച്ചുവെന്നതിന് സംസ്ഥാന തലത്തിൽ മത്സരിക്കേണ്ടെന്ന മറുപടിയാണ് വിധി കർത്താക്കൾ നൽകിയതെന്ന് പ്രലോഭ് ആരോപിച്ചു.
പരിക്കിനെ പടികടത്തി പ്രലോഭിന്റെ പ്രകടനം
12:21 AM Dec 02, 2022 | Deepika.com