കൂത്താട്ടുകുളം: എംസി റോഡിൽ രാമപുരം കവലയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ ഒരുങ്ങുന്നു. കവലയിൽ വാഹനാപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് വാഹന വേഗത നിയന്ത്രിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നത്.
പാലാ-കൂത്താട്ടുകുളം റോഡിൽനിന്ന് എംസി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലവിൽ റംമ്പിൾ സ്ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്. റോഡിന്റെ നിലവാരം മെച്ചപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് റോഡ് സുരക്ഷയുടെ ഭാഗമായി റംമ്പിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചത്. എന്നാൽ ഈ സംവിധാനത്തിലും അപകടങ്ങൾ കുറയാതായതോടെ അനൂപ് ജേക്കബ് എംഎൽഎ, പുത്തൻകുരിശ് ഡിവൈഎസ്പി ജി. അജയ്നാഥ് എന്നിവർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനായി സാധ്യതാപഠനം നടത്തുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ റംമ്പിൾ സ്ട്രിപ്പുകൾളുടെ എണ്ണം ഇരട്ടയായി വർധിപ്പിക്കാനും, റോഡിൽ ബാരിക്കേടുകൾ സ്ഥാപിക്കാനും തീരുമാനമായി. തിരക്കേറിയ സമയങ്ങളിൽ ജംഗ്ഷനിൽ ഹോം ഗാർഡിന്റെ സേവനം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു.
നഗരസഭാ അധ്യക്ഷ വിജയ ശിവൻ, സ്ഥിരംസമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ ബോബൻ വർഗീസ്, പി.സി. ഭാസ്ക്കരൻ, കൂത്താട്ടുകുളം എസ്ഐ എം.പി. എബി, പോലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് അധികൃതർ തുടങ്ങിയവരും പങ്കെടുത്തു.
വാഹന വേഗത നിയന്ത്രിക്കാൻ കൂടുതൽ സംവിധാനങ്ങൾ
12:17 AM Dec 02, 2022 | Deepika.com