തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ പ്രചരണാർഥം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ വിളംബര പ്രചരണ ജാഥകളും ഘോഷയാത്രകളും സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ നടന്ന ഫ്ലാഷ് മോബുകൾ, കൂട്ടയോട്ടം, സൈക്കിൾ - ബൈക്ക് റാലികൾ തുടങ്ങിയവ നടത്തി. ജനപ്രതിനിധികൾ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച എയറോബിക്ക് നൃത്തയിനങ്ങൾ ഏറെ ജനശ്രദ്ധ നേടി. നഗരത്തിലെ പ്രധാന ഇടങ്ങളിൽ ഫ്ലാഷ് മോബും ഏറോബിക് നൃത്തയിനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. സ്കൂൾ അധ്യാപകരുടെയും പിടിഎയുടെയും നേതൃത്വത്തിലാണ് നൃത്തയിനങ്ങൾ അരങ്ങേറിയത്.
വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂളിന്റെയും വിസിസി ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടന്ന കൂട്ടയോട്ടം നഗരസഭ കൗണ്‍സിലർ പ്രമീള ഫ്ലാഗ് ഓഫ് ചെയ്തു. വാഴമുട്ടം ജംഗ്ഷൻ മുതൽ പാച്ചല്ലൂർ ജംഗ്ഷൻ വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ശാസ്തമംഗലം രാജ കേശവദാസ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥയിൽ സ്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജന സംഘടന അംഗങ്ങളും പങ്കെടുത്തു.
തിരുവല്ലം ബിഎൻവി വി ആൻഡ് എച്ച്എസ്എസിന്റെയും കായികോത്സവ പബ്ലിസിറ്റി കമ്മിറ്റിയുടേയും ആഭിമുഖ്യത്തിൽ കായികോത്സവ വിളംബര ജാഥ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എ. സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂളിൽ നിന്നും അന്തർദേശീയ, ദേശീയ,സംസ്ഥാന തലങ്ങളിൽ മെഡലുകൾ നേടിയ കായികതാരങ്ങളെ ആദരിച്ചു.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ വി. പ്രകാശ് കുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ലത എം. നായർ, വൈസ് പ്രിൻസിപ്പൽ സുജ എലിസബത്ത് ലാലൻ, സംസ്ഥാന കായികോത്സവം പബ്ലിസിറ്റി വൈസ് ചെയർമാൻ ഡോ. എൻ.ഐ. സുധീഷ് കുമാർ തുടങ്ങിയവർ ജാഥയെ അനുഗമിച്ചു.
കായികമാമാങ്കത്തിന് നാളെ തുടക്കം
12:06 AM Dec 02, 2022 | Deepika.com