കൽപ്പറ്റ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(കെഎസ്ടിഎ) 32-ാമത് ജില്ലാ സമ്മേളനം മൂന്ന്, നാല് തീയതികളിൽ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഹാളിൽ(ടി. ശിവദാസമേനോൻ നഗർ) ചേരും. ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 192 പേർ പങ്കെടുക്കുന്ന സമ്മേളനം മൂന്നിനു രാവിലെ 10നു കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ്ബാബു, വൈസ് പ്രസിഡന്റ് എ.കെ. സുകുമാരി, സെക്രട്ടറി വിത്സൻ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗുരുകാരുണ്യ എൻഡോവ്മെന്റ് വിതരണം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. ഗുരുകാരുണ്യ പദ്ധതിയിലേക്കുള്ള നിക്ഷേപം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ്കുമാർ ഏറ്റുവാങ്ങും. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ എന്നിവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സി.വി. കരുണാകരൻ മാസ്റ്റർ നഗറിൽ ചേരും. വൈകുന്നേരം നാലിനു കാട്ടിക്കുളം ടൗണിൽ പ്രകടനാനന്തരം ചേരുന്ന പൊതുയോഗം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.
നാലിനു രാവിലെ 10.30നു ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ പ്രസംഗിക്കും. കെഎസ്ടിഎ ആവിഷ്കരിച്ച ’കുട്ടിക്കൊരു വീട്’ പദ്ധതിയിൽ ജില്ലയിൽ ഈ വർഷം മേപ്പാടി, പെരിക്കല്ലൂർ, മീനങ്ങാടി എന്നിവിടങ്ങളിലായി മൂന്നു വിടുകളുടെ നിർമാണം പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു.
കെഎസ്ടിഎ ജില്ലാ സമ്മേളനം കാട്ടിക്കുളത്ത്
11:52 PM Dec 01, 2022 | Deepika.com