ഏറ്റുമാനൂർ: കാരിത്താസ് റെയിൽവേ മേൽപാലം -അപ്രോച്ച് റോഡ് നിർമാണത്തിന്റെ നടപടികൾ ഇന്ന് ആരംഭിക്കുന്നു. മേൽപാലം അപ്രോച്ച് റോഡിനു മന്ത്രിസഭായോഗം 13.6 കോടി രൂപയുടെ അംഗീകാരം നൽകിയതോടെയാണ് നിർമാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും കരാർ ചുമതലയുള്ള ഊരാളുങ്കൽ കൺസ്ട്രക്ഷൻ കന്പനി ഉദ്യോഗസ്ഥരും സംയുക്തമായി സ്ഥലത്തെ മണ്ണിന്റെ ഘടനാ പരിശോധന ഇന്ന് ആരംഭിക്കുന്നത്. അതിനാവശ്യമായ ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു കഴിഞ്ഞു. രണ്ടുമൂന്നു ദിവസം കൊണ്ട് മണ്ണിന്റെ പരിശോധന പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം അവസാനത്തോടെ റോഡിന്റെ നിർമാണം ആരംഭിക്കും.
റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനു മൂന്നു വർഷം മുന്പാണ് കാരിത്താസ് -അമ്മഞ്ചേരി റോഡ് അടച്ചത്.
അപ്രോച്ച് റോഡ് നിർമാണം അതിവേഗത്തിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളെ തെള്ളകം-മുണ്ടകപ്പാടം ഗ്രാമവികസനസമിതി സ്വാഗതം ചെയ്തു.
അപ്രോച്ച്റോഡിനായി മണ്ണിന്റെ ഘടനാ പരിശോധന ഇന്ന്
11:00 PM Dec 01, 2022 | Deepika.com