മുതലക്കോടം: റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്എസ് വിഭാഗം മികച്ച നടനായി കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസിലെ ആശിഷ് ജിജിയെ തെരഞ്ഞെടുത്തു. ഇത്തിൾക്കണ്ണി എന്ന നാടകത്തിലെ മിസ്റ്റർ കുഞ്ഞനെയാണ് ആശിഷ് ഭാവതീവ്രതയോടെയും തനിമയോടെയും അവതരിപ്പിച്ചത്. മനുസക്കായി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം പ്ലാസ്റ്റിക് ഉപേക്ഷിച്ചു പ്രകൃതിയിലേക്കു മടങ്ങാനുള്ള സന്ദേശമാണ് നൽകുന്നത്.തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസിലെ അനഘ അനിലാണ് മികച്ച നടി. കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന വീടകം എന്ന നാടകത്തിലെ അമ്മു എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്.
എച്ച്എസ് വിഭാഗത്തിൽ മികച്ച നാടകമായി മാങ്കടവ് കാർമൽ മാതാ എച്ച്എസ് വിദ്യാർഥികൾ അവതരിപ്പിച്ച ഇലക്കൂടുകൾ തെരഞ്ഞെടുക്കപ്പെട്ടു. കുടുംബബന്ധങ്ങളുടെ ആർദ്രതയും മയക്കുമരുന്നിനെ അതിജീവിക്കുന്ന വിദ്യാർഥികളുമായിരുന്നു ഇതിലെ പ്രമേയം. ഈ സ്കൂളിലെ അധ്യാപിക സിസ്റ്റർ അമൽ ഗ്രേസ് സിഎംസിയാണ് രചനയും സംവിധാനവും നിർവഹിച്ചത്.
യുപി വിഭാഗത്തിൽ ബഷീറിന്റെ മണ്ടൻ മുത്തപ്പയെ വേദിയിൽ അവിസ്മരണീയമാക്കിയ ആദർശ് പ്രസാദ് മികച്ച നടനായി. അമരാവതി ജിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. നെടുമറ്റം ഗവ.യുപിഎസിലെ ആൻമേരി ടോണിയാണ് മികച്ച നടി. പൂന്പാറ്റ മീശ എന്ന നാടകമാണ് ഇവർ അവതരിപ്പിച്ചത്.
ആശിഷ് മികച്ച നടൻ, അനഘ നടി
10:56 PM Dec 01, 2022 | Deepika.com