അമ്പലപ്പുഴ: ആലപ്പുഴ ഇഎസ്ഐ ആശുപത്രിയിൽ ഐസിയുവിന്റെ പ്രവർത്തനത്തിനു തുടക്കമായി. മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ആലപ്പുഴയ്ക്കു പുറമേ പേരൂർക്കട, വടവാതൂർ, എറണാകുളം, ഒളരിക്കര, ഫറോക്ക് ഉൾപ്പെടെ ആറ് ഇഎസ്ഐ ആശുപത്രികളിലും ഐസിയു പ്രവർത്തനമാരംഭിച്ചതായി മന്ത്രി പറഞ്ഞു.
അഞ്ചു കിടക്ക സൗകര്യങ്ങളോടെയുള്ള ലവൽ-വൺ ഐസിയുവിന്റെ പ്രവർത്തനത്തിനാണ് ആലപ്പുഴയിൽ തുടക്കം കുറിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ വിളക്കുതെളിച്ച് ഫലകം അനാച്ഛാദനം ചെയ്തു. കൗൺസിലർ പ്രഭാ ശശികുമാർ, ഇഎസ്ഐ ഡെപ്യൂട്ടി ഡയറക്ടർ ടെസിമോൾ ജേക്കബ്, ആശുപത്രി വികസന സമിതിയംഗം എസ്. ശശിധരൻ നായർ, ആർഎംഒ കെ.സി. അഞ്ജലി എന്നിവർ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് വി.എ. സിനി പ്രിയദർശിനി സ്വാഗതം പറഞ്ഞു.
ഇഎസ്ഐ ആശുപത്രിയിൽ ഐസിയു പ്രവർത്തനം തുടങ്ങി
10:42 PM Dec 01, 2022 | Deepika.com