വിതുര : കനത്ത മഴയിൽ തകർന്ന പൊന്മുടി റോഡ് വീണ്ടും ഗതാഗത യോഗ്യമായി. രണ്ട് മാസങ്ങൾക്കു മുമ്പാണ് മലവെള്ളപ്പാച്ചിലിൽ പൊന്മുടിപ്പാതയിലെ പത്രണ്ടാം വളവിലെ റോഡ് ഒഴുകിപ്പോയത്. പൂർണമായും തകർന്ന റോഡ് ഉടൻതന്നെ പണി ആരംഭിച്ചെങ്കിലും തുടർന്നുണ്ടായ മഴയിൽ വീണ്ടും റോഡ് ഒലിച്ചു പോവുകയായിരുന്നു. തുടർന്ന് ഇതുവഴി വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി.
യുദ്ധകാലടിസ്ഥാനത്തിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടന്നത്. തകർന്ന പൊന്മുടി റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ച് വിലയിരുത്തിയിരുന്നു. 180 കുടുംബങ്ങളിലായി 450ലേറെ പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ബസും മറ്റു സ്കൂൾ വാഹനങ്ങളും കടത്തിവിടും. തുടർന്നുള്ള ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കയറ്റി വിടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ പറഞ്ഞു.
മലവെള്ളപ്പാച്ചിലിൽ തകർന്ന പൊൻമുടി റോഡ് ഗതാഗത യോഗ്യമായി
12:15 AM Dec 01, 2022 | Deepika.com