തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പെണ്‍കുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. സ്കൂട്ടറിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 8.50 -ഓടെ പണ്ഡിറ്റ് കോളനിയിലെ യുവധാന ലൈനിലായിരുന്നു സംഭവം.
സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെയാണ് യുവാവ് കടന്നു പിടിച്ചത്. പെണ്‍കുട്ടികൾ പ്രതിരോധിച്ചതോടെ അക്രമി സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ പരാതിയെ തുടർന്ന് മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കടന്നു പിടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
തങ്ങൾ നടന്നു പോകുന്ന വഴിയിൽ തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതിനാൽ വാഹനത്തിന്റെ നന്പർ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഹെൽമറ്റ് ധരിച്ചതിനാൽ അക്രമിയുടെ മുഖം വ്യക്തമായി കണ്ടില്ലെന്നും പെണ്‍കുട്ടികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മ്യൂസിയത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവവും വഞ്ചിയൂരിൽ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയെ ആക്രമിച്ച സംഭവവും ഈ സമീപകാലത്താണ് നടന്നത്. തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണ്.
നഗരത്തിൽ പെൺകുട്ടികൾക്കു നേരെ വീണ്ടും അതിക്രമം
12:12 AM Dec 01, 2022 | Deepika.com