നെടുങ്കണ്ടം: തൂക്കുപാലം ചോറ്റുപാറയില്‍ സ്കൂട്ടിയിലെത്തിയ മധ്യവയസ്കന് വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു. ചോറ്റുപാറ ജോണിക്കട ഭാഗത്ത് ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. സ്കൂട്ടിയിലെത്തിയ മധ്യവയസ്കന് നടന്നുവരികയായിരുന്ന വീട്ടമ്മയോട് വഴി ചോദിച്ച് സംസാരിച്ചുനിന്നു. പെട്ടന്ന് ഇയാള്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
വീട്ടമ്മ ബഹളം വച്ചപ്പോള്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഒന്നര പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. വീട്ടമ്മ നല്കിയ പരാതിയിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍നിന്നും വീട്ടമ്മയുടെ മൊഴിയില്‍നിന്നും ആളിനെക്കുറിച്ചുള്ള ഏകദേശ രൂപം പോലീസിന് ലഭിച്ചിട്ടുണ്ട്. 45 വയസോളം പ്രായവും ഇരുനിറവുമുള്ളയാളാണ് മോഷണം നടത്തിയത്.
കറുത്ത ആക്ടീവ സ്കൂട്ടിയിലാണ് ഇയാളെത്തിയത്. പച്ച ലുങ്കിയും ചുവപ്പും നീലയും കലര്‍ന്ന ഷര്‍ട്ടുമായിരുന്നു ഇയാളുടെ വേഷം.
സ്കൂട്ടിയിലെത്തി വീട്ടമ്മയുടെ മാല അപഹരിച്ചു
10:09 PM Nov 30, 2022 | Deepika.com