മുരിക്കാശേരി: പാവനാത്മാ കോളജ് ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഇടുക്കി കോർണർ റഫറൻസ് ആർക്കൈവ് ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചരിത്രവിഭാഗം 400-ലധികം ഗ്രന്ഥങ്ങളും ജില്ലയുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ സന്പൂർണ ശേഖരവും ജില്ലയുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പുരാരേഖകൾ, മൂന്നാർ കണ്ണൻദേവൻ പാട്ടക്കരാർ, റെയിൽവേ, റോപ്പ് വേ, റോഡ് മുതലായവയുടെ പുരാരേഖകൾ, ജില്ലയിലെ വിവിധ ഗോത്രവിഭാഗങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, പുസ്തകങ്ങൾ, ഗോത്രവിഭാഗത്തിന്റെ ഒൗഷധച്ചെടികളുടെ സന്പൂർണ വിവരങ്ങൾ അടങ്ങുന്ന റെക്കോർഡുകൾ, പ്രളയസംബന്ധിയായിട്ടുള്ള വിവിധ സ്രോതസുകൾ, ജില്ലയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പുകൾ, മുല്ലപ്പെരിയാർ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകൾ, സ്മരണികകൾ, ഗസറ്റിയറുകൾ, മാനുവലുകൾ, മാനുസ്ക്രിപ്റ്റുകൾ, വികസന രേഖകൾ, ലേഖനങ്ങൾ തുടങ്ങിയ ഒട്ടനവധി അമൂല്യരേഖകൾ ഇടുക്കി കോർണറിൽ ഒരുക്കിയിട്ടുണ്ട്.
വകുപ്പ് മേധാവി റവ.ഡോ. ജോബി ജോണിന്റെയും ചരിത്രവിഭാഗ അധ്യാപകരുടെയും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇടുക്കി കോർണറിനു രൂപം കൊടുത്തിരിക്കുന്നത്. ജില്ലാ സംബന്ധമായ തുടർപഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായകരമായ രീതിയിൽ ഡിജിറ്റൽ ആർക്കൈവ് ഉടൻതന്നെ പ്രവർത്തനസജ്ജമാകുമെന്ന് വകുപ്പ് മേധാവി ഡോ. ജോബി ജോണ് അറിയിച്ചു.
സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ബെന്നിച്ചൻ സ്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സജി ജോസഫ്, ബിവോക്ക് വിഭാഗം മേധാവി ഫാ. മാത്യു കുഴികണ്ടം, ലൈബ്രേറിയൻ പി.ടി. ജോയ്സി, ചരിത്രവിഭാഗം അധ്യാപകരായ ഡോ. കെ.കെ. സുനീഷ്, സന്തോഷ്ജോർജ്, ഡോ. ജിജോ ജയരാജ്, ലിനുമോൾ ആന്റണി, മരിയറ്റ് ജോർജ്, ബിബിൻ വർഗീസ്, ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി ചാക്കോ ഷിബു എന്നിവർ നേതൃത്വം നൽകി.
‘ഇടുക്കി കോർണർ’ ഉദ്ഘാടനം ചെയ്തു
10:09 PM Nov 30, 2022 | Deepika.com