ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ചങ്ങനാശേരി ടിബിയില്‍ ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കെഎസ്ടിപി, വാട്ടര്‍ അഥോറിറ്റി, കെഎസ്ഇബി, തുരുത്തി ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനമെടുത്തത്.
കെഎസ്ടിപിയുടെ നേതൃത്വത്തില്‍ ഈ റോഡിന്റെ നിര്‍മാണം ആരംഭിച്ചിട്ട് 11 മാസം പിന്നിടുകയാണ്. റോഡ് നിര്‍മാണം തടസപ്പെട്ടു കിടക്കുന്നത് വാഹനസഞ്ചാരത്തിനും ഒപ്പം റോഡിന്റെ വശങ്ങളില് താമസിക്കുന്നവര്‍ക്കും ദുരിതമാകുന്നതിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. രണ്ടരക്കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണം വേഗത്തിലാക്കി കാല്‍നടയാത്രക്കാരുടെയും ഇരുചക്ര വാഹനങ്ങളുടെയും സ്കൂള്‍ ബസുകളുടെയും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ബുദ്ധിമുട്ടുകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.
സൊസൈറ്റി ഭാരവാഹികളായ ബിജോയ് പ്ലാത്താനം, ജോബി അറയ്ക്കല്‍, കുഞ്ഞുമോന് പുത്തന്‍പുരയ്ക്കല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കെഎസ്ഇബി റോഡരികിലെ വൈദ്യുതി പോസ്റ്റുകള്‍ ഈയാഴ്ച തന്നെ മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. വാട്ടര്‍ അഥോറിറ്റിയുടെ പണികള്‍ പൂര്‍ത്തീകരിച്ചതായും കെഎസ്ടിപിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
തുരുത്തി-മുളയ്ക്കാംതുരുത്തി റോഡ് നിര്‍മാണം വേഗത്തിലാക്കും
12:50 AM Nov 30, 2022 | Deepika.com