കാസര്‍ഗോഡ്: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ കുറഞ്ഞ കാലം കൊണ്ട് മൂവായിരത്തിലേറെ കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് ഉണ്ടായതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരുപക്ഷേ വിദ്യാഭ്യാസമേഖലയ്ക്കായി ഇത്രയും കൂടിയ തുക മുടക്കുന്ന ഏക സംസ്ഥാനം കേരളമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്കൂളുകള്‍ക്കായി നിര്‍മിച്ച പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആറുവര്‍ഷം കൊണ്ട് പത്തരലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നതെന്നും മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ചെലവിലാണ് രണ്ട് ക്ലാസ് മുറികളും ടോയ്ലറ്റ് ബ്ലോക്കും സ്റ്റെയര്‍ റൂമും അടങ്ങുന്ന പുതിയ കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണ, വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, ജില്ലാ പഞ്ചായത്തംഗം ജാസ്മിന് കബീര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജമീല അഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, ഡിഇഒ എന്‍.നന്ദികേശന്, കാസര്‍ഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന് ബര്‍ണാഡ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ മേഖലയിലുണ്ടായത് 3000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനം: മന്ത്രി
12:47 AM Nov 30, 2022 | Deepika.com