മട്ടന്നൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ കായികാധ്യാപകരുടെ കുറവ് വിദ്യാർഥികളുടെ പരിശീലനത്തെ ബാധിക്കുന്നതിനാൽ ആവശ്യമായ സംവിധാനം സർക്കാർ ഉറപ്പാക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. മട്ടന്നൂർ മണ്ഡലത്തിലെ കായികോപകരണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യായന വർഷം മുതൽ കായികം ഒരു ഇനമായി എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പഠിപ്പിക്കുമെന്നും സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും പാരമ്പര്യ ആയോധന കലകൾ അഭ്യസിപ്പിക്കാൻ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ 30 ലക്ഷം രൂപയുടെ കായികോപകരണങ്ങളാണ് മണ്ഡലത്തിലെ 118 സ്കൂളുകൾക്ക് വിതരണം ചെയ്തത്. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
ഫുട്ബോൾ താരം സി.കെ. വിനീത് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കായികോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സഞ്ജീബ് കുമാർ ബെഹ്ര, പി.വി. ദിവാകരൻ, ബിനോയ് കുര്യൻ, പി.സി. ഗംഗാധരൻ, വി. ബാലൻ, ഇ.എൻ. സതീഷ് ബാബു, ശശീന്ദ്രവ്യാസ് എന്നിവർ പ്രസംഗിച്ചു.
കായികാധ്യാപകരുടെ കുറവ് പരിഹരിക്കും: മന്ത്രി അബ്ദുറഹ്മാൻ
12:40 AM Nov 30, 2022 | Deepika.com