നീരറിവ് യാത്ര നടത്തി
12:23 AM Nov 30, 2022 | Deepika.com
തിരുമാറാടി : പഞ്ചായത്തിലെ നീർത്തടാധിഷ്ഠിത വികസന പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് തിരുമാറാടി പുത്തൻ ചിറയിൽ നീരറിവ് യാത്ര നടത്തി. 2023 വർഷത്തെ നീർത്തടധിഷ്ഠിത വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിന്റെയും, ജലസ്രോതസുകളുടെ സംരക്ഷണ ബോധവത്കരണത്തിനായുമാണ് നീരറിവ് യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെപ്രധാന ജലസ്രോതസായ ഉഴവൂർ തോടിന്റെ ഭാഗമായ പുത്തൻചിറയുടെ കൈ വഴികളിലൂടെ നടന്ന നീരറിവ് യാത്രയിൽ ജനപ്രതിനിധികളും പാടശേഖര സമിതി ഭാരവാഹികളും, കൃഷിക്കാരും തൊഴിലുറപ്പു തൊഴിലാളികളും പങ്കുചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമൾ നീർത്തട നടത്തം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. സന്ധ്യമോൾ പ്രകാശ്, സി.വി. ജോയി, അലീസ് ബിനു, കെ.കെ. രാജ്കുമാർ, എം.കെ.സുമ, എൽസമ്മ സഖറിയ, സാബു രാജ്, പ്രിയ രഞ്ജൻ തുടങ്ങിയവർ പ്രസംഗിച്ചു.