കോതമംഗലം : വടാട്ടുപാറയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുട്ടന്പുഴ പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ജല അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. മോട്ടോർ തകരാർ മൂലമാണ് വടാട്ടുപാറയിൽ കുടിവെള്ള വിതരണം മുടങ്ങിയത്. മോട്ടോർ തകരാറിന്റെ പേരിൽ നിരന്തരം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധം ഉയർത്തിയത്.
ഒട്ടേറെതവണ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു ഇടപെടലുമുണ്ടാകുന്നില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മോട്ടോർ മാറ്റിവയ്ക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ വ്യക്തമായ മറുപടി ലഭിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്ത മാസം 30നുള്ളിൽ പുതിയ മോട്ടർ സ്ഥാപിച്ച് കുടിവെള്ള പ്രശനം പരിഹരിക്കുമെന്ന ഉറപ്പിനേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സമരത്തിന് കുട്ടന്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തിവള്ളക്കൈൻ, വൈസ് പ്രസിഡന്റ് ബിൻസി മോഹനൻ, സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ. സിബി , ഈസി റോയ്, പഞ്ചായത്ത് അംഗങ്ങളായ എൽദോസ് ബേബി, സനൂപ്, രേഖ രാജു എന്നിവർ നേതൃത്യം നൽകി.
അസി. എക്സി. എൻജിനീയറെ ഉപരോധിച്ചു
12:23 AM Nov 30, 2022 | Deepika.com