പറവൂര്‍: കലോത്സവത്തിന്റെ പ്രധാന വേദിക്ക് 'ഇളക്കം'. മത്സരങ്ങള്‍ ആരംഭിച്ചത് ഒന്നര മണിക്കൂറുകളോളം വൈകി. പ്രധാന വേദിയായ മൂത്തകുന്നം ക്ഷേത്രമൈതാനിയിലാണ് സ്റ്റേജിന്റെ അപാകത മൂലം മത്സരങ്ങള്‍ വൈകിയത്. സ്റ്റേജ് നൃത്ത മത്സരങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും മതിയായ ഫിറ്റ്നെസ് ഇല്ലെന്നും തിങ്കളാഴ്ച രാത്രിയോടെ എന്‍ജിനീയര്‍ അധികൃതരെ അറിയിച്ചിരുന്നെങ്കിലും സ്റ്റേജ് കണ്‍വീനര്‍ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഈ അവസ്ഥയില്‍ മത്സരങ്ങള്‍ നടത്തുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഉദ്ഘാടന സമ്മേളനത്തിനുശേഷമാണ് സ്റ്റേജിന്റെ അപാകതകള്‍ പരിഹരിച്ചത്. മത്സരങ്ങള്‍ക്കെത്തിയ വിദ്യാര്‍ഥികളും വിവിധ സ്കൂളുകളിലെ അധ്യാപകരും സ്റ്റേജിന്റെ അപാകത പരിഹരിക്കാതെ മത്സരം നടത്താനാകില്ലെന്ന് ഉറച്ച നിലപാടെടുത്തു.
രാവിലെ 11ന് നിശ്ചയിച്ചിരുന്ന യുപി വിഭാഗം ഒപ്പന മത്സരം 12.30 ഓടെയാണ് ആരംഭിക്കാനായത്. സമയക്രമം തെറ്റിയത് മത്സരത്തിനായി രാവിലെതന്നെ ഒരുങ്ങിയെത്തിയ വിദ്യാര്‍ഥികളെ ശാരീരികമായി തളര്‍ത്തി. മത്സരം തുടങ്ങാന്‍ വൈകിയതോടെ ഈ വേദിയില്‍ മത്സരങ്ങള്‍ അവസാനിച്ചതും വൈകിയാണ്.
വേദി ‘ഫിറ്റായില്ല'; മത്സരം വൈകി
12:21 AM Nov 30, 2022 | Deepika.com