തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വികസന കാര്യങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതു നാടിനു നല്ലതല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാങ്കേതികത സംബന്ധിച്ച് സംഘടിപ്പിച്ച വിദഗ്ധ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പദ്ധതി നിർമാണം തുടങ്ങിയതുമുതൽ പ്രദേശവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും മുഴുവൻ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു.
പദ്ധതിക്കെതിരായി ഇപ്പോൾ നടക്കുന്ന സമരത്തിലെ ഒട്ടുമിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുള്ളതാണ്. തുറമുഖ നിർമാണം നിർത്തിവച്ചു പഠനം നടത്തുകയെന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മുഴുവൻ ജനങ്ങളെയും വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാർ നടപടിയെടുക്കും - മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിക്കെതിരായ ആശങ്കകൾ അടിസ്ഥാനമില്ലാത്തത്: മന്ത്രി കെ.എൻ. ബാലഗോപാൽ
12:12 AM Nov 30, 2022 | Deepika.com