തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം അടിയന്തരമായി അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയെകുറിച്ച് തീരദേശ വാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. വിഴിഞ്ഞത്ത് ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദേശീയ- അന്തർദേശീയ വ്യാപാര മേഖലയിൽ തെറ്റായ സന്ദേശം പ്രചരിക്കുകയാണ്.
ദേശീയ- അന്തർദേശീയ തലത്തിലെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, വെയർ ഹൗസിംഗ് കന്പനികൾ, ടൂറിസം, സാന്പത്തികം തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾ തുടങ്ങിയവ തിരുവനന്തപുരത്ത് മുതൽ മുടക്കാൻ തയാറായി നിൽക്കുകയാണ്. അതിലൂടെ വ്യാപാര, വ്യവസായ, സേവന മേഖലകളിൽ വൻ കുതിപ്പ് പ്രതീക്ഷിക്കുന്പോൾ വിഴിഞ്ഞത്തെ അനിഷ്ട സംഭവങ്ങൾ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരമന മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഞ്ചൽ എം. നസീർ, സംസ്ഥാന ട്രഷറർ കെ.എം. നാസറുദീൻ, ജില്ലാ ജനറൽ സെക്രട്ടറി ആര്യശാല സുരേഷ്, ജില്ലാ ട്രഷറർ നെട്ടയം മധു തുടങ്ങിവർ പ്രസംഗിച്ചു.
വിഴിഞ്ഞം സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി
12:11 AM Nov 30, 2022 | Deepika.com