പോക്സോ കേസിലെ പ്രതി പോലീസിനെ ആക്രമിച്ചു; എഎസ്ഐക്ക് പരിക്ക്
12:08 AM Nov 30, 2022 | Deepika.com
പാറശാല : ഒളിവിലായിരുന്ന പോസ്കോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതി പോലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എഎസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2010ലെ പോക്സോ കേസുമായി ബന്ധപ്പെട്ട് പ്രതിയായ കളിയിക്കാവിള കാളച്ചന്തയ്ക്ക് സമീപം ആര്‍സി സ്ട്രീറ്റില്‍ സ്റ്റാലിനെ (36) പിടികൂടുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചത്. കഴിഞ്ഞ 12 വര്‍ഷമായി ഒളിവില്‍ ആയിരുന്ന പ്രതി കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളക്കു സമീപം ഇഞ്ചിവിളയില്‍ വന്നിട്ടുണ്ടെന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാറശാല എസ്ഐ ജിതിന്‍വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എഎസ്ഐ ജോണിന്റെ തലയ്ക്ക് പരുക്കേറ്റു. തുടർന്ന് പാറശാല ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സിപിഒമാരായ വിജയ് വിനോദ്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.