വിതുര/ നെടുമങ്ങാട് : വിതുര ഗവ. വിഎച്ച്എസ്എസില്‍ നടത്തിയ നെടുമങ്ങാട്- കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢ ഗംഭീരമായി. സൂപ്പര്‍ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു സല്യൂട്ട് സ്വീകരിച്ചു. ജി. സ്റ്റീഫന്‍ എംഎല്‍എ മുഖ്യാതിഥിയായി. വിതുര വിഎച്ച്എസ്എസ്, നെടുമങ്ങാട് ജിജിഎച്ച്എസ്എസ്, അരുവിക്കര ജിഎച്ച്എസ്എസ്, മീനാങ്കല്‍ ജിടിഎച്ച്എസ്എസ്, തൊളിക്കോട് ജിഎച്ച്എസ്, പനവൂര്‍ എച്ച്എസ്എസ്, പനക്കോട് വികെ കാണി എച്ച്എസ്, ഇളവട്ടം ബിആര്‍എംഎച്ച്എസ് എന്നീ സ്കൂളുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 350 വിദ്യാര്‍ഥികളാണ് എട്ട് പ്ലറ്റൂണുകളിലായി പരേഡിന് അണിനിരന്നത്.
നെടുമങ്ങാട് സ്കൂളിലെ അസിന് ഷബീര്‍, അരുവിക്കര സ്കൂളിലെ വൈഗ കൃഷ്ണ എന്നീ കേഡറ്റുകള്‍ പരേഡ് നയിച്ചു. പതിനാറ് പോലീസ് ഉദ്യോഗസ്ഥരും പതിനാറ് അധ്യാപകരുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. മികച്ച പ്ലറ്റൂണുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. പി.ടി. ഉഷ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി
12:08 AM Nov 30, 2022 | Deepika.com