കോട്ടയം: പാമ്പാടിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട തന്നുകുഴി പവത്തുകാട്ടില് സബിന്‍ പി. സജി (26) യെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് കഴിഞ്ഞദിവസം ആക്രമിച്ചത്. ഇവര്‍ ബാബുവിനെ ബാറിലേക്ക് പോകാന്‍ ഓട്ടംവിളിച്ചു. യാത്രാക്കിടയില്‍ രണ്ടുപേരെ കൂടി ഓട്ടോയില്‍ കയറ്റി. വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റണമെന്ന് ആവശ്യപ്പെടുകയും ബാബു അതിൽ വിസമ്മതിക്കുകയും ചെയ്തതോടെ അയാളെ ആക്രമിക്കുകയുമായിരുന്നു.
അന്വേഷണസംഘം പ്രതികളായ കണ്ണന്, ആരോമല്‍ മധു, റിറ്റോമോന് റോയ്, അനുരാജ് എന്നിവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ സബിനുവേണ്ടി തെരച്ചില്‍ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ സുവര്‍ണ കുമാര്‍, എസ്ഐ ലെബിമോന്‍, സിപിഒമാരായ ജിബിന്‍, സാജു പി. മാത്യു, എം.ജി. സുരേഷ്, മഹേഷ്, വി.വി. അനൂപ്, ഷരുണ്‍ രാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
ഓട്ടോഡ്രൈവറെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
11:31 PM Nov 29, 2022 | Deepika.com