കോട്ടയം: കാണാതായ മൊബൈല്‍ ഫോണ്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തി സൈബര്‍ പോലീസ്. എല്‍ഐസി ജീവനക്കാരനായ കുറിച്ചി സ്വദേശി പി.കെ. സാബുജിയുടെ 17,000 രൂപ വിലയുള്ള മൊബൈല്‍ ഫോണാണ് കോട്ടയം സൈബര്‍ പോലീസ് കണ്ടെത്തി തിരികെ നല്‍കിയത്. ഇയാള്‍ കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം ടൗണില്‍നിന്നും മല്ലപ്പള്ളി ബസില്‍ കയറുമ്പോള്‍ ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കോട്ടയം സൈബര്സ്റ്റേഷനില് പരാതി നല്കി.
പരിശോധനയ്ക്കൊടുവില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ചവിട്ടു വരിയിലുള്ള ഒരു വീട്ടില്‍നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. അതിഥിത്തൊഴിലാളി ജോലിചെയ്ത സ്ഥലത്ത് ആരോ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വില്പനക്കായി കൊണ്ടുവന്നതാണെന്നും ഇയാളെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
എസ്എച്ച്ഒ ജഗദീഷ്, എസ്ഐ ജയചന്ദ്രന്, സിപിഒമാരായ ജോബിന്‍സ് ജയിംസ്, പി.വി. സുബിന് എന്നിവര്‍ ചേര്‍ന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഉടമയ്ക്കു കൈമാറി.
കാണാതായ ഫോണ്‍ കണ്ടെത്തി സൈബര്‍ പോലീസ്
11:29 PM Nov 29, 2022 | Deepika.com