അരങ്ങിലെ ഓര്‍മകളുമായി ഉണ്ണിരാജ്
12:46 AM Nov 29, 2022 | Deepika.com
‘കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഞാന്‍ പരിശീലിപ്പിച്ച ടീമില്ലാത്ത ഒരു കലോത്സവം നടക്കുന്നത്. എങ്കില്പിന്നെ എല്ലാവരെയും ഒന്നു കണ്ടിട്ടുപോകാമെന്ന് കരുതി.' ഷൂട്ടിംഗിനായി വൈകുന്നേരം കൊച്ചിയിലേക്ക് പോകുന്നതിനു തൊട്ടുമുമ്പാണ് നടന് ഉണ്ണിരാജ് ചെറുവത്തൂര്‍ തന്റെ സ്കൂട്ടറില്‍ ഒരു സാദാ നാട്ടുമ്പുറത്തുകാരനായി കലോത്സവവേദിയിലെത്തിയത്. ഇത്തവണത്തെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ പുരസ്കാരം നേടിയതിന്റെ യാതൊരു തലക്കനവും ഉണ്ണിയെ ബാധിച്ചിട്ടില്ല. തന്നോടൊപ്പം സെല്‍ഫിയെടുക്കാനെത്തിയ ഒരാള്‍ക്കുപോലും നിരാശപ്പെടേണ്ടിവന്നില്ല. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മൈം, സ്കിറ്റ് പരിശീലകനാണ് ഉണ്ണിരാജ്. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയുടെ തിരക്ക് കാരണമാണ് ഇത്തവണ കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിയാതെ പോയത്. 2005ല്‍ എറണാകുളത്തു നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മൈം ഷോയില്‍ താന്‍ പരിശീലിപ്പിച്ച ചായ്യോത്ത് സ്കൂള്‍ ടീമിന് രണ്ടാംസ്ഥാനം ലഭിച്ച ഓര്‍മയും ഉണ്ണിരാജ് പങ്കുവച്ചു. കുട്ടികള്‍ക്ക് സാമ്പത്തികബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാല്‍ വളരെ ചുരുങ്ങിയ തുക കൊണ്ട് ചെയ്ത ആ മൈം മികച്ച കണ്ടന്റും കുട്ടികളുടെ ഉജ്വലപ്രകടനവും കൊണ്ട് സമ്മാനം നേടുകയായിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന 'അജയന്റെ രണ്ടാം മോഷണം' ആണ് പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു സിനിമ. 'ജയിലര്‍' എന്ന സിനിമയില്‍ ആദ്യമായി നെഗറ്റീവ് വേഷം ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഉണ്ണിരാജ്.