മഞ്ചേശ്വരം: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ ദുബായില്‍ നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗമായ ഒരാള്‍ കൂടി പിടിയിലായി. പൈവളിഗെ സ്വദേശി മുഹമ്മദ് ഷുഹൈബി (26)നെയാണ് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ പന്ത്രണ്ടാം പ്രതിയായ ഇയാള്‍ മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ആകെ 19 പ്രതികളാണുള്ളത്.
കഴിഞ്ഞ ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടത്. ദുബായിലേക്ക് കൊടുത്തയച്ച വിദേശ കറന്‍സി നഷ്ടപ്പെട്ടതിനെതുടര്ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. മഞ്ചേശ്വരത്തെ സംഘം അബൂബക്കറിന്റെ സഹോദരനും സുഹൃത്തിനും കൈമാറിയ പണം ദുബായില്‍ ഉടമസ്ഥന് ലഭിച്ചില്ല. സിദ്ദിഖ് പണം തട്ടിയെന്ന് ആരോപിച്ചാണ് നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. മൂവരേയും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മൃതപ്രായനായ സിദ്ദിഖിനെ ബന്തിയോട് ആശുപത്രിക്ക് മുന്നില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
അബൂബക്കര്‍ സിദ്ദിഖ് വധത്തില്‍ ഒരാള്‍ കൂടി പിടിയില്‍
12:45 AM Nov 29, 2022 | Deepika.com