വിഴിഞ്ഞം സമരാനുകൂലികളെ കള്ളക്കേസിൽ കുടുക്കുന്നത് അപലപനീയം: കെസിവൈഎം
12:39 AM Nov 29, 2022 | Deepika.com
തലശേരി: വിഴിഞ്ഞം സമരാനുകൂലികളെ കള്ളക്കേസ് ചുമത്തി ദ്രോഹിക്കുന്ന സർക്കാർ നടപടി അപലപനീയമെന്ന് കെസിവൈഎം തലശേരി അതിരൂപത സമിതി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ സമാധാനപരമായി സമരം നടത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം വ്യക്തമാക്കി. ആർച്ച്ബിഷപ്പിനെയും സഹായമെത്രാനെയും വൈദികരെയും മറ്റും കുടുക്കുന്നത് സമരത്തെ അടിച്ചമർത്താനുള്ള നടപടിയുടെ ഭാഗമാണെന്ന് സമൂഹം തിരിച്ചറിയണമെന്ന് അതിരൂപത പ്രസിഡന്റ് ചിഞ്ചു വട്ടപ്പാറ പറഞ്ഞു. കെസിവൈഎം ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, അതിരൂപത ജനറൽ സെക്രട്ടറി നിഖിൽ സാബു തുടങ്ങിയവർ പങ്കെടുത്തു.