ജിസിഎംഎസ് മെഷീന് ആയുര്‍വേദ ഡ്രഗ് ലാബില്‍ സ്ഥാപിച്ചു
12:39 AM Nov 29, 2022 | Deepika.com
കണ്ണൂര്‍: ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന ജിസിഎംഎസ് മെഷീന് ആയുര്‍വേദ ഡ്രഗ് ലാബില്‍ സ്ഥാപിച്ചു. തിരുവനന്തപുരത്തെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലാണ് മെഷീന് സ്ഥാപിച്ചതെന്ന് കണ്ണൂര്‍ പയ്യാമ്പലത്തെ ലിയോനോര്‍ഡ് ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദ മരുന്നുകളിലെ കാസിയയുടെ സാന്നിധ്യവും മരുന്നുകളിലെ കീടനാശിനി അംശവും വ്യാജ മരുന്നുകളും വ്യാപകമായിട്ടും ഡ്രഗ്സ് ലാബില്‍ ജിസിഎംഎസ് മെഷീന് സ്ഥാപിക്കാത്തതു സംബന്ധിച്ച് പത്തു വര്‍ഷമായി താന്‍ നടത്തിയ പോരാട്ടത്തിനുള്ള ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചോദ്യം ചെയ്തപ്പോഴൊക്കെ ആദ്യഘട്ടത്തില്‍ ഈ മെഷീന് ഇല്ലാതെതന്നെ മരുന്നുകളിലെ ഗുണനിലവാരം പരിശോധിക്കാനാകുമെന്നായിരുന്നു ആയുർവേദ വകുപ്പിന്റെ മറുപടി. 2017-18 വര്‍ഷം 74 ലക്ഷം രൂപ കേന്ദ്ര ആയുഷ് വകുപ്പ് ജിസിഎംഎസ് മെഷീന് വാങ്ങുന്നതിനായി കേരളത്തിന് അനുവദിച്ചിട്ടും അഞ്ചു വര്‍ഷമാകുമ്പോഴാണ് ഇപ്പോഴെങ്കിലും മെഷീന് സ്ഥാപിക്കാൻ തയാറായത്. ഫണ്ട് ലഭിച്ചിട്ടും ഇതുവരെ മെഷീന് വാങ്ങാതിരുന്നതില്‍ കാണിച്ച അലംഭാവത്തിന് വകുപ്പ് മറുപടി പറയേണ്ടതുണ്ട്. ഇതുവരെ മരുന്നുകള്‍ ആവശ്യമായ പരിശോധന ഇല്ലാതെയാണോ വിപണിയില്‍ വിറ്റഴിക്കാന്‍ അനുവദിച്ചതെന്നുകൂടി ആയുര്‍വേദ വകുപ്പ് വ്യക്തമാക്കണമെന്ന് ലിയാനോര്‍ഡ് ആവശ്യപ്പെട്ടു.