കോട്ടയം: എംജി സര്‍വകലാശാലയിലെ കെ.എന്‍. രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖിലകേരള ഇന്റര്‍ കൊളീജിയറ്റ് ക്വിസ് മത്സരം - ഇകോണ്സ്പയറില് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കൊച്ചി കേന്ദ്രത്തിന് കിരീടം.
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിനും ചങ്ങനാശേരി എസ്ബി കോളജിനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.
കണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്സില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 42 കോളജുകളില്‍നിന്നായി 54 ടീമുകള്‍ പങ്കെടുത്ത മത്സരം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.എന്‍. രാജ് സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഡയറക്ടര്‍ പ്രഫ. ജോണി ജോണ്‍സണും സന്നഹിതനായിരുന്നു. അലക്സ് അലോഷ്യസായിരുന്നു ക്വിസ് മാസ്റ്റര്‍.
പ്രാഥമിക റൗണ്ട് മത്സരത്തില്‍നിന്ന് ആറു ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെ സമ്മാനത്തുക ലഭിച്ചു. പ്രോ- വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഇന്റര്‍കൊളീജിയറ്റ് ക്വിസ് മത്സരം; ഇഗ്നോയ്ക്ക് കിരീടം
11:56 PM Nov 28, 2022 | Deepika.com