നെടുമങ്ങാട് : വിദ്യാർഥികൾക്ക് വീണ്ടും കൺസഷൻ നിഷേധിക്കുന്നതായി പരാതി.ആര്യനാട് കെഎസ്ആർടിസി ഡിപ്പോ അധികൃതരാണ് വിചിത്രവാദവുമായി വിദ്യാർഥികളെ വലയ്ക്കുന്നത്. പൂജപ്പുര എൽബിഎസിൽ പഠിക്കുന്ന എഞ്ചിനിയറിംഗ് വിദ്യാർഥികൾക്കാണ് ഡിപ്പോ അധികൃതർ കൺസിഷൻ നിഷേധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആര്യനാട് ഡിപ്പോയിൽ കൺസഷൻ ടിക്കറ്റ് എടുക്കാനായെത്തിയെങ്കിലും മടക്കി അയയ്ക്കുകയായിരുന്നെന്ന് എൽബിഎസിൽ പഠിക്കുന്ന എൻജിനിയറിംഗ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. എൽബിഎസിലെ ആദ്യവർഷ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകാൻ ചീഫ് ഓഫീസിൽ നിന്നും പ്രത്യേക ഉത്തരവില്ലെന്നും അതിനാൽ കൺസഷൻ നൽകാനാവില്ലെന്നുമാണ് ആര്യനാട് ഡിപ്പോ അധികൃതർ അറിയിച്ചത്.
അതേസമയം, തന്നെ നെടുമങ്ങാട്ടുള്ള കുട്ടികൾക്ക് നെടുമങ്ങാട് ഡിപ്പോയിൽ നിന്നും ഇതേ കോളജിലെ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യം ആര്യനാട് ഡിപ്പോ അധികൃതരെ അറിയിച്ചെങ്കിലും ചീഫ് ഓഫീസിൽ നിന്നും എൽബിഎസിലെ ആദ്യവർഷ വിദ്യാർഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുന്നതിനുള്ള നിർദേശം എത്തിയെങ്കിൽ മാത്രമേ കൺസഷൻ നൽകാൻ കഴിയൂ എന്ന നിലപാടാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥർ അറിയിച്ചതെന്നും വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു.
കെഎസ്ആർടിസി കൺസഷൻ നിഷേധിക്കുന്നതായി പരാതി
11:51 PM Nov 28, 2022 | Deepika.com