തിരുവനന്തപുരം: കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ആറ്റുകാൽ ദേവിയെ പോലും പറ്റിച്ച് അഴിമതി നടത്തിയെന്നു നഗരസഭയിലെ യുഡിഎഫ് സമരവേദി. മേയർക്ക് സദ്ബുദ്ധി ലഭിക്കാൻ ആറ്റുകാൽ ദേവിയോട് പ്രാർഥിച്ചുകൊണ്ട് ഇന്നലെ സമരക്കാർ പ്രതീകാത്മക പൊങ്കാലയും അർപ്പിച്ചു.
നഗരസഭ കവാടത്തിൽ വനിതാ കൗണ്‍സിലർമാരും മഹിളാ കോണ്‍ഗ്രസ് പ്രവർത്തകരും 51 കലത്തിൽ പൊങ്കാല ഇട്ടുകൊണ്ടാണ് സമരം അരങ്ങേറിയത്. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു. പൊങ്കാലകഴിഞ്ഞ് നൈവേദ്യം അർപ്പിക്കുന്നത് തൊഴിൽ കിട്ടാത്ത യുവജനങ്ങളുടെ കണ്ണീർ കൊണ്ടാണെന്നു പ്രഖ്യാപിച്ചാണ് സമരം അവസാനിച്ചത്.
കൗണ്‍സിലർമാരായ മേരിപുഷ്പം, സെറാഫിൻ ഫ്രെഡി, മിലാനി പെരേര, സതികുമാരി, വനജരാജേന്ദ്രബാബു എന്നിവർ നേതൃത്വം നൽകി. ഇന്നലത്തെ സത്യഗ്രഹ സമരം ടി.ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജി.എസ്.ബാബു, എം.എ.വാഹീദ്, വർക്കല കഹാർ, ബിന്ദുകൃഷ്ണ, ഇറവൂർ പ്രസന്നകുമാർ, എം.ആർ. മനോജ്, പി.പത്മകുമാർ, ജോണ്സണ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കോർപറേഷനിൽ പൊങ്കാലിയിട്ടു പ്രതിഷേധം
11:29 PM Nov 28, 2022 | Deepika.com