തൊടുപുഴ: മുപ്പത്തി മൂന്നാമത് റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ഉണർവ് - 2 കെ22നു നാളെ അരങ്ങുണരും. ഡിസംബർ മൂന്നു വരെ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ്, സെക്രട്ട് ഹാർട്ട് എച്ച്എസ്, സെന്റ് ജോർജ് യുപിഎസ് എന്നിവിടങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത്.
നാളെ രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ. ബിന്ദു പതാക ഉയർത്തും. പത്തിന് സെന്റ് ജോർജ് പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി കലോൽസവം ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ സന്ദേശം നൽകും. ലോഗോ പുരസ്കാര സമർപ്പണം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ അനുഗ്രഹപ്രഭാഷണം നടത്തും.
മൂന്നിന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി അധ്യക്ഷത വഹിക്കും. ഏഴു സബ് ജില്ലകളിൽനിന്നായി 2500ഓളം കലാ പ്രതിഭകളാണ് ഇത്തവണ കലോൽസവത്തിൽ മാറ്റുരയ്ക്കുന്നത്.
കൗമാര കലാമാമാങ്കത്തിന് നാളെ മുതലക്കോടത്ത് തുടക്കം
10:44 PM Nov 28, 2022 | Deepika.com