ആലപ്പുഴ: ആധാര്‍, വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഒന്നാമത്. ജില്ലയിലെ വോട്ടർമാരിൽ 67.94 ശതമാനം പേരെ ഇതിനകം തന്നെ ആധാറുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞു. വയനാട് ജില്ലയാണ് തൊട്ടുപിന്നില്‍.
ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ കെ. ബിജു പറഞ്ഞു. വോട്ടര്‍ പട്ടികയുടെ സ്പെഷല്‍ സമ്മറി റിവിഷന്‍ 2023 മായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും കളക്ടറേറ്റിൽ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 17,58,084 വോട്ടര്‍മാരാണ് ജില്ലയില്‍ ആകെയുളളത്. അതില്‍ 11,94,453 പേര് ഇതിനോടകം ആധാര്‍, വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
2024 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ്, താലൂക്ക് അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളിലായി സമ്മറി റിവിഷന്‍ ക്യാമ്പുകള്‍ നടത്തും. 26, 27നും ക്യാമ്പുകൾ നടത്തിയിരുന്നു.
അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഒബ്സർവർ നിർദേശം നൽകി. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളും അപേക്ഷകളും ഡിസംബര്‍ എട്ടിനു മുമ്പായി സമര്‍പ്പിക്കണം. ഡിസംബര്‍ 26നുള്ളില്‍ ഇവ തീര്‍പ്പാക്കും. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം.
ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, തെരഞ്ഞെടുപ്പ് സൂപ്രണ്ട് ഷിബു സി.ജോബ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍; ആലപ്പുഴ ഒന്നാമത്
10:27 PM Nov 28, 2022 | Deepika.com