കോട്ടയം: ജില്ലയില്‍ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷന് നല്‍കാനായെന്നും ജല ജീവന് മിഷന് കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേര്‍ക്കു കുടിവെള്ള കണക്ഷന് ഇതിനോടകം നല്കിക്കഴിഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിന്. കളക്ടറേറ്റില്‍ നടന്ന ജല ജീവന് മിഷന് പദ്ധതി ജില്ലാതല അവലോകനയോഗത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലയില്‍ ഗ്രാമീണ മേഖലയില്‍ 4,82,878 വീടുകളാണുള്ളത്. ഇതില്‍ 1,93,163 (40 ശതമാനം) പേര്‍ക്ക് ഇതിനോടകം കണക്ഷനുകള്‍ നല്കി. ജലജീവന്‍ മിഷന് പദ്ധതി തുടങ്ങിയ ശേഷം 83,219 കുടിവെള്ള കണക്ഷനുകള്‍ നല്കി. 2,89,715 കണക്ഷനുകളാണ് ഇനി നല്‍കാനുള്ളത്. ജില്ലയിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നല്കാന് 3860.34 കോടി രൂപയുടെ ഭരണാനുമതിയാണു നല്‍കിയത്.
ജില്ലയില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ 89.5 ശതമാനം വീടുകളിലും കുടിവെള്ളം എത്തിച്ചുകഴിഞ്ഞു. 2023 മേയ് മാസത്തോടെ വൈക്കം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കും.
പദ്ധതിയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രധാനവെല്ലുവിളി ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാന്‍ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ്.
സര്‍ക്കാരിന്റെ കീഴിലുള്ള ഭൂമി വിട്ടുനല്‍കാന്‍ ഉത്തരവു നല്‍കിയിട്ടുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നല്‍കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാതാ അഥോറിട്ടി, വനംവകുപ്പ്, റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങി വിവിധ ഏജന്‍സികളുടെ അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ വിവിധ തലത്തിലുള്ള നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകള്‍ക്കായി മലങ്കരയില്‍നിന്നുള്ള വെള്ളം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് 1224 കോടി രൂപ ചെലവ് വരും. ഭാവിയിലേക്കായി മീനച്ചില്‍ റിവര്‍വാലി പദ്ധതിയും നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 30നകം നിയോജകമണ്ഡല അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്ന് സൂക്ഷ്മാംശങ്ങള്‍ ജലവിഭവമന്ത്രിക്കു കൈമാറണം. ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും.
ജനുവരി അവസാനത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും കോട്ടയം ജില്ലയിലെ ജല ജീവന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷന് നൽകി: മന്ത്രി റോഷി അഗസ്റ്റിന്
10:18 PM Nov 28, 2022 | Deepika.com