കഥയും കവിതയും വിരിയും, കളറാകും
01:17 AM Nov 28, 2022 | Deepika.com
ചായ്യോം: കോവിഡ് തട്ടിയെടുത്ത രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍ കൗമാരപ്രതിഭകളെ തേടി കലയുടെ വസന്തകാലം ഒരുങ്ങുന്നു. ചായ്യോത്ത് ജിഎച്ച്എസ്എസില്‍ ഇന്നു മുതലുള്ള അഞ്ചു രാപ്പകലുകള്‍ കലാരംഗത്തെ പുതുപ്രതിഭകള്‍ നിറഞ്ഞാടും. 12 വേദികളില്‍ 309 ഇനങ്ങളിലായി അയ്യായിരത്തോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും. ഇന്നും നാളെയും സ്റ്റേജിതരമതത്സരങ്ങളാണ് അരങ്ങേറുന്നത്. ബാന്‍ഡ് മത്സരവും സാഹിത്യ-ചിത്രരചന മത്സരങ്ങളുമാണ് ഇന്നു നടക്കുന്നത്. 30 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് സ്റ്റേജ് മത്സരങ്ങള്‍. ഇന്നു രാവിലെ ഒമ്പതിന് ഡിഡിഇ സി.കെ.വാസു കലോത്സവ നഗരിയില്‍ പതാക ഉയര്‍ത്തും. നാളെ വൈകുന്നേരം നാലിന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഒദ്യോഗിക ഉദ്ഘാടനം നടത്തും. ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. തെക്കില്ലത്ത് മാധവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ പ്രതിദിനം പതിനഞ്ചായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കും.