മാന്നാനം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്കുവേണ്ടിയുള്ള 22-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ കെ.ഇ. ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗം വോളിബോള്‍ മത്സരങ്ങളില്‍ മഴുവന്നൂര്‍ എംആര്‍എസ് വിഎച്ച്എസ്എസിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ച പേരാമംഗലം എസ്ഡിവി എച്ച്എസ്എസ് സെമിയില്‍ വരാന്തരപ്പള്ളി സിജെഎഎം എഎച്ച്എസ്എസിനോട് പരാജയപ്പെട്ടു. കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസ് സ്കൂൾ സെമിയില്‍ നടുവന്നൂര്‍ എന്‍എച്ച്എസ്എസ് വോളി അക്കാദമിയെ പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിഭാഗം സെമിഫൈനല്‍ മത്സരങ്ങളില്‍ പായമ്പ്ര ഗവ. എച്ച്എസ്എസ് ചേര്‍ത്തല ഗവ. എച്ച്എസ്എസിനെയും കോഴിക്കോട് നാഷണല്‍ എച്ച്എസ്എസ് കണ്ണൂര്‍ ഗവ. വിഎച്ച്എസ്എസിനെയും പരാജയപ്പെടുത്തി.
കനത്ത മഴമൂലം ടൂര്‍ണമെന്റ് തുടരുവാന്‍ സാധിക്കാത്തതിനാല്‍ ഫൈനലില്‍ പ്രവേശിച്ച ആണ്‍കുട്ടികളുടെ വിഭാഗത്തിലെ കോട്ടയം ഗിരിദീപം ബഥനി എച്ച്എസ്എസിനെയും വരാന്തരപ്പള്ളി സിജെഎഎം എഎച്ച്എസ്എസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തിലെ പായമ്പ്ര ഗവ. എച്ച്എസ്എസിനെയും കോഴിക്കോട് നാഷണല്‍ എച്ച്എസ്എസിനെയും 22-ാമത് അഖില കേരള ഇന്റര്‍ സ്കൂള്‍ കെ.ഇ. ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റിലെ സംയുക്ത വിജയികളായി പ്രഖ്യാപിച്ചു.
കെ.ഇ. സ്കൂള്‍ സെന്റ് ചാവറ ഹാളില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ മുൻമന്ത്രി പി.കെ. ശ്രീമതി വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ഷൈജു സേവ്യര്‍ സിഎംഐ, ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കെഇ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
10:39 PM Nov 27, 2022 | Deepika.com