പാലാ: സിഎഎച്ച് എന്ന അപൂര്‍വ രോഗം ബാധിച്ചതിനെത്തുടര്‍ന്നു ദുരിതത്തിലായ കുരുന്നുകളുടെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു. കൊഴുവനാല്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടികളുടെ ചികിത്സയ്ക്കും മറ്റു സഹായങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി മാണി സി. കാപ്പന് എംഎല്‍എയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അരുണാപുരം പി ഡബ്ഡ്യുഡി ഗസ്റ്റ് ഹൗസില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതു പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചു.
മനുഷ്യ ശരീരത്തില്‍ ഹോര്‍മോണ്‍ ഉത്പ്പാദിപ്പിക്കാത്ത അവസ്ഥ സംജാതമാകുന്ന അപൂര്‍വ രോഗമാണ് സിഎഎച്ച്. ഇതു മൂലം ശരീരത്തിലെ സോഡിയം, പൊട്ടാസ്യം അനുപാതം എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മൂത്തകുട്ടിക്ക് ഇതോടൊപ്പം ഓട്ടിസവും ബാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു നിരന്തരം പരിചരണം ആവശ്യമായതിനാല്‍ ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മാതാപിതാക്കള്‍. സുമനസുകളുടെ സഹായത്തോടെയും സ്വന്തമായി ഉണ്ടായിരുന്ന ഭൂമി പണയപ്പെടുത്തിയുമാണ് ഇത്രയും കാലം ചികിത്സ നടത്തിയിരുന്നത്. ഇതോടെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തങ്ങളുടെ ദുരവസ്ഥ സംബന്ധിച്ചു കേരള ഹൈക്കോടതിക്കു ഇവര്‍ കത്തയയ്ക്കുകയും ഇത് ഹര്‍ജിയായി കോടതി സ്വീകരിക്കുകയും നടപടികള്‍ക്കായി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കുരുന്നുകള്‍ക്ക് അപൂര്‍വ രോഗം; ആലോചനായോഗം ഇന്ന്
10:39 PM Nov 27, 2022 | Deepika.com