വനിതകള്‍ക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവുമായി കയ്റോസ്
04:28 AM Nov 27, 2022 | Deepika.com
ചീമേനി: കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കയ്റോസിനു കീഴില്‍ കുഞ്ഞിപ്പാറ വികസനസമിതിയുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക് സൗജന്യ ഇരുചക്രവാഹന ഡ്രൈവിംഗ് പരിശീലനത്തിന് തുടക്കമായി. തച്ചര്ണംപൊയിലില് നടന്ന ചടങ്ങില്‍ കയ്റോസ് കണ്ണൂര്‍ രൂപത ഡയറക്ടര്‍ ഫാ.ജോര്‍ജ് മാത്യു ചെമ്പകശേരി ഉദ്ഘാടനം നിര്‍വഹിച്ചു. കുഞ്ഞിപ്പാറ വികസന സമിതി പ്രസിഡന്റ് കെ.സഫൂറ അധ്യക്ഷത വഹിച്ചു. കയ്റോസ്റീജ്യണല് കോ-ഓര്‍ഡിനേറ്റര്‍ ടി. ബിന്‍സി, വികസന സമിതി ആനിമേറ്റര്‍ ലതാ ദാസ്, സെക്രട്ടറി എസ്.രഞ്ജിനി, ട്രഷറര്‍ കെ.സുനിത, കെ.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കയ്റോസ് അംഗങ്ങളായ 30 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രാദേശിക ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.